ഉപ്പാടെ വെല്ലിക്ക....എന്റെ മൂത്താപ്പ

ഉപ്പാടെ വെല്ലിക്ക....എന്റെ മൂത്താപ്പ

🌿❤️🌿❤️🌿❤️🌿❤️🌿❤️🌿❤️🌿

ചില വ്യക്തികൾ മൺമറഞ്ഞു പോയാലും മനസ്സിൽ നിന്നും അവരുടെ ഓർമ്മകൾ മാഞ്ഞു പോകാൻ കാലങ്ങളെടുക്കും. അവർ അവരുടെ ജീവിതയാത്രയിൽ ചെയ്തു കൂട്ടിയ നന്മകൾ, അവർ പകർന്ന് തന്ന സ്നേഹവായ്പുകൾ, അവർ അടുത്ത തലമുറക്ക് വെട്ടിത്തളിച്ച വഴികൾ, എന്തിന് അവരുടെ ശാസനകളും ശിക്ഷണരീതികളും എല്ലാം നമ്മുടെ മനസ്സിൽ കൊത്തി വച്ച ഓർമ്മകളായി നിലനിൽക്കും. ഇപ്പറഞ്ഞ പോലത്തെ ഒരു വ്യക്തിത്വമാണ് എനിക്ക് ഈ കുറിപ്പ് എഴുതാൻ പ്രചോദനം ആവുന്നത്.


RV മുഹമ്മദ്.....ഒരു പാട് ജനങ്ങൾ ആർവിക്ക എന്നും ആർവി മൗലവി എന്നും വിളിക്കുന്ന എന്റെ സ്വന്തം RV മൂത്താപ്പ......!! 

എന്റെ ഓർമ്മകൾ തുടങ്ങുന്നത് 1987 കളിലെ ഞങ്ങളുടെ അജ്മാനിലെ  വില്ലയിൽ നിന്നാണ്. RV മൂത്താപയുടെയും ഞങ്ങളുടെയും കുടുംബം കൂടാതെ മറ്റു 3 - 4 കുടുംബങ്ങൾക്ക് കൂടി സൗകര്യപ്രദമായി താമസിക്കാൻ കഴിയുന്ന ആ വലിയ വില്ലയിൽ ആണ് മൂപ്പരെ കുറിച്ചുള്ള ആദ്യ ചിത്രം മനസ്സിൽ തെളിയുന്നത്. അറബികൾ "കന്തൂറ" എന്ന് പറയുന്ന വെള്ള വേഷം ധരിച്ചാണ് ഞാൻ മിക്കപ്പോഴും അദ്ദേഹത്തെ കണ്ടിരിക്കുന്നത്. തൊപ്പിയും, തേച്ച് വടിവ് ഒപ്പിച്ച വെള്ളത്തട്ടവും, കറുത്ത ചെറിയ താടിയും, കണ്ണടയും, അടുത്ത് കൂടെ പോകുമ്പോൾ വരുന്ന അത്തറിന്റെ സുഗന്ധവും, വളരെ വിരളമായി മാത്രം ചിരിച്ചു കണ്ടിട്ടുള്ള ഗൗരവത്തിന്റെ മൂർത്തീഭാവം എന്ന് പറയാവുന്ന വ്യക്തിത്വം....!! അടുത്ത് പോകാൻ തന്നെ ഭയക്കുന്ന ഒരവസ്ഥ അന്നെനിക്ക് ഉണ്ടായിരുന്നു.  എന്തിന് ഞാൻ അന്ന് അദ്ദേഹത്തെ അത്രയും പേടിച്ചിരുന്നു എന്ന് ഇടക്ക് ഇപ്പോൾ ചിന്തിച്ച് പോകാറുണ്ട്.


ഒരിക്കൽ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ അന്നത്തെ അമരക്കാരൻ ആയിരുന്ന ഉമ്മർ മൗലവി ഞങ്ങളുടെ ആ വില്ലയിൽ വരാൻ ഇടയായി. വലിയ വിശാലമായ മജ്ലിസ് (Living room) അറബി നാട്ടിലെ വില്ലകളിൽ ഒരു സാധാരണ കാഴ്ച്ചയാണ്. പെട്ടെന്ന് മൂത്താപ്പ എന്നോട് മജ്ലിസിലേക്ക് വരാൻ ആയി മൂത്തുമ്മാടെ അടുത്ത് പറഞ്ഞു വിട്ടു. കേട്ടപാടെ ഒരു വെള്ളിടി എന്റെ മനസ്സിൽ കത്തിയിട്ടുണ്ടാകണം. എന്തിനാകും എന്നെ വിളിച്ചത് എന്ന് തീർച്ചയായും ചിന്തിച്ചിട്ടുണ്ടാകണം. മജ്ലിസിലേക്ക് കയറിയ പാടേ എന്നെ മൂത്താപ്പ പരിചയപ്പെടുത്തി. "അനുജന്റെ മകൻ ആണ് ഇവൻ,ഹാഷിം. ഖുറആനിലെ അവസാന ജുസ്ഇലെ ഏത് അധ്യായം ചോദിച്ചാലും ഇവന് മനപാഠം ആണ്."

ഇത് കേട്ട് ചിരിച്ച ഉമ്മർ മൗലവി എന്നാൽ ഞാൻ ഒന്ന് പരിശോധിക്കട്ടെ എന്ന്‌ പറഞ്ഞ് അടുത്ത് വിളിക്കുകയും  അദ്ദേഹം ചോദിച്ച അധ്യായങ്ങൾ എല്ലാം തന്നെ ഞാൻ ഓതി കേൾപിക്കുക്കയും ചെയ്തു. അന്ന്     വിജയശ്രീലാളിതൻ ആയി ചമഞ്ഞ് നിന്നപ്പോൾ ഞാൻ മൂത്താപ എന്നെ ചേർത്ത് നിർത്തി കെട്ടി പിടിച്ചു എന്റെ കൈയിലേക്ക് കുറച്ച് ദിർഹം വച്ച് തന്ന് പ്രോൽസാഹിപ്പിച്ചത് എന്നെ സംബന്ധിച്ചു ലോകം കീഴടക്കിയതിന് തുല്യമായിരുന്നു. ഈ ഒരു സംഭവത്തോടെ മൂപ്പരോടുള്ള പേടിക്ക് ലേശം അയവ് വന്നിരുന്നു. ആദ്യമായി ഞാൻ ഒരു മെഴ്സിഡിസ് ബെൻസിൽ കയറുന്നതും മൂത്താപ്പാടെ ഒപ്പം ആണ്. ഒരു E class, നീല ആണോ കറുപാണോ എന്ന് ഓർമ്മയില്ല എങ്കിലും അതിൽ എന്നെയും അനുജനെയും കൂട്ടി ഇടക്കിടെ കറങ്ങാൻ പോകുന്ന ഒരു ഓർമ്മയുണ്ട്. 


ജീവിതത്തിൽ ഒന്നിനെയും കൂസാത്ത പ്രകൃതം ആയിരുന്നു RV മൂത്താപ്പയുടേത്. താൻ എടുത്ത ഏതൊരു തീരുമാനത്തിൽ നിന്നും നിലപാടുകളിൽ നിന്നും ഇനി എന്ത് തന്നെ സംഭവിച്ചാലും വ്യതിചലിക്കില്ല എന്ന ദൃഢനിശ്ചയം ഉള്ള വ്യക്തിത്വം. എന്റെ ചെറുപ്പത്തിലും പിന്നീട് വലുതായപോഴും ഒക്കെ ഈ പറഞ്ഞ വ്യക്തി പാടവത്തിന് സാക്ഷിയായിട്ടുണ്ട്. അറബി ഭാഷയിൽ അത്യാവശ്യം പ്രാവിണ്യം ഉണ്ടായത് കൊണ്ടു തന്നെ അന്ന് അജ്മാനിലെ പല വലിയ കുടുംബങ്ങളിലെ അറബികളുമായി അടുത്ത ചങ്ങാത്തം ഉണ്ടായിരുന്നു. മൂത്താപ തന്റെ ബന്ധങ്ങൾ ഉപയോഗപെടുത്തിയും അല്ലാതെയും സഹായിച്ചിട്ടുള്ള വ്യക്തികളും കുടുംബങ്ങളും ഏറെയാണെന്ന് ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്. നേരത്തെ പറഞ്ഞ പോലെ താൻ ഏറ്റെടുക്കുന്ന ഒരു കാര്യം വൃത്തിക്കും വെടുപിനും ചെയ്ത് തീർത്തിട്ടേ അവസാനിപ്പിക്കൂ എന്ന Attitude , അന്ന് എത്രയോ അധികം ചെറുപ്പക്കാർക്ക് ആ മണലാരണ്യത്തിൽ തണലേകി എന്നറിയാൻ,  അവർ ഇന്നും "ആർവിക്ക" എന്ന് സ്നേഹത്തോടെ അഭിസംബോധന ചെയ്യുന്നത് കേട്ടാൽ മാത്രം മതി.


ഗൾഫിൽ നിന്നും ഞങ്ങൾ തിരിച്ച് വന്നതിന് ശേഷം വർഷത്തിൽ ഒരിക്കലോ അല്ലെങ്കിൽ രണ്ട് വർഷത്തിലൊരിക്കൽ ഒക്കെ കണ്ടുമുട്ടുന്ന വിരുന്നുകാരനായി മൂത്താപ്പ. എന്റെ സ്കൂൾ നാളുകളിലും കോളേജ് നാളുകളിലും ഒക്കെ നാട്ടിൽ വരുമ്പോൾ അത്യാവശ്യം കനപ്പെട്ട ഒരു തുക പോക്കറ്റ് മണി ആയി തരുന്നത് ഇന്നും ആവേശത്തോടെ ഓർക്കുന്നു. മൂത്താപ്പ കുറെ കാലം കൂടി അജ്മാനിലെ ഒരു  influential  വ്യക്തിത്വം ആയി  

പ്രവാസം തുടർന്നു കൊണ്ടിരുന്നു. അജ്മാനിലെ മെയിൻ പോസ്റ്റ് ഓഫീസിൽ റിട്ടയർമെന്റ് വരെ ജോലി ചെയ്ത് 2000 ആണ്ടിൽ നാട്ടിൽ തിരിച്ചെത്തി ഇസ്ലാമിക കോളേജിന്റെ പ്രിൻസിപ്പൾ ആയിട്ടും ദീർഘകാലം സേവനം അനുഷ്ഠിച്ചു. 


മൂത്താപ്പയോടുള്ള ഭയം/പേടി എന്ന വികാരം ഒക്കെ  തീർത്തും മാറി സ്നേഹം/വാൽസല്യം എന്ന വികാരങ്ങൾ ആകുന്നത് സത്യത്തിൽ ഞാൻ ശ്രദ്ധിച്ചിരുന്നു. പണ്ടത്തേക്കാളും approachable  ആയി തുടങ്ങിയിരുന്നു RV മൂത്താപ്പ. എങ്കിലും 9 മക്കളും മരുമക്കളും പേരമക്കളും അവരുടെ മക്കളും  ഒക്കെ അടങ്ങുന്ന ആ വലിയ കുടുംബത്തിന്റെ അവസാന വാക്ക് ആയി മൂത്താപ്പ നില നിന്ന് പോന്നു. സ്വന്തം കുടുംബത്തിൽ മാത്രം അല്ല തന്റെ Extended family ലും അദ്ദേഹം ഒരു അനിഷേധ്യ സ്വരമായിരുന്നു. കേച്ചേരിയിലെ എന്റെ ഉപ്പാടെ കുടുംബത്തിലെ മൂത്ത ആൺ സന്തതി എന്ന പൊസിഷൻ, സമൂഹത്തിലും കുടുംബത്തിലും പ്രായഭേദമന്യേ ബഹുമാനിക്കുന്ന വ്യക്തി എന്ന നിലയിലും മൂത്താപ്പ എല്ലാവർക്കും വേണ്ടപ്പെട്ട ആളായിരുന്നു. 


പാർക്കിൻസൺസ് രോഗം ബുദ്ധിമുട്ടിച്ച് തുടങ്ങിയ കാലത്തും തോറ്റു കൊടുക്കാൻ മൂപർ തയാറല്ലായിരുന്നു. മരുന്നുകൾ കൊണ്ടും അസാധ്യമായ മന:കരുത്ത് കൊണ്ടും മറ്റേതൊരു നോർമ്മൽ വ്യക്തിയെയും പോലെ മൂത്താപ്പ തന്റെ കൃത്യങ്ങൾ നിർവ്വഹിച്ചു കൊണ്ടിരുന്നു. കോളേജിലെ പ്രിൻസിപ്പൾ ജോലി, കാർ ഡ്രൈവിംഗ്, കുടുംബങ്ങളിലെ കല്യാണങ്ങൾ, ആവശ്യങ്ങൾ എല്ലാം പരസഹായം ഒന്നും ഇല്ലാതെ തന്നെ എത്തണമെന്ന ദൃഢനിശ്ചയം പലപോഴും മൂത്താപ്പയിൽ പ്രകടമായിരുന്നു.  


രോഗം മൂർച്ചിച്ച് കൂടുതൽ നേരവും വീടിനുള്ളിൽ തന്നെ ആയ കാലങ്ങളിലും ഞാൻ അങ്ങോട്ട് ചെന്നാൽ ലിവിംഗ് റൂമിലെ കസേരയിൽ പതുക്കെ പതുക്കെ നടന്ന് വന്ന് ഇരിക്കും. വിശേഷങ്ങൾ ഒക്കെ പങ്ക് വച്ച് കളിയും ചിരിയും കഴിഞ്ഞ് കസേരയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ പറ്റാതെ വരുന്നു എന്ന് കണ്ട ഞാൻ സഹായിക്കാനായി പിടിക്കാൻ നോക്കിയപോൾ എന്നോട് മാറി നിൽക്കാൻ ആവശ്യപെട്ട ഒരു സന്ദർഭം ഇപ്പോൾ ഞാൻ ഓർത്തു പോകുന്നു. കുറച്ച് സമയമെടുത്തിട്ടാണെങ്കിലും സ്വയം എണീറ്റ് പതുക്കെ പതുക്കെ നടന്ന് തന്റെ റൂമിലേക്ക് പോയ മൂത്താപ്പ "Self made, determined" എന്നൊക്കെ ഉള്ള പദങ്ങളുടെ പര്യായമായിരുന്നു എന്ന് തന്നെ വേണം പറയാൻ.

പണ്ട് അജ്മാനിൽ ഒരിക്കൽ എയർപോർട്ടിൽ നിന്നും ടാക്സിയിൽ തന്റെ അടുക്കലേക്ക് വന്ന  ഒരു ബന്ധുവിനെ "പട്ടാണി" ടാക്സി ഡ്രൈവർ കാശ് കൂടുതൽ വാങ്ങി കബളിപ്പിക്കാൻ നോക്കിയപോൾ അയാളെ വിരട്ടി ഓടിച്ച മൂത്താപ്പ ഒട്ടുമേ മാറിയിട്ടില്ല എന്ന്  ഈ അവസരത്തിൽ എനിക്ക് തോന്നിപോയി. അന്ന്  അപമര്യാദയായി പെരുമാറിയ പട്ടാണിയെ വേണ്ടി വന്നാൽ കൈകാര്യം ചെയ്യാനും മടിയില്ല എന്ന മട്ടിലുള്ള മൂത്താപയുടെ ശൗര്യം ഇന്നും എനിക്കോർമ്മയുണ്ട്.

"അങ്ങനെ തോറ്റു കൊടുക്കാൻ എനിക്ക് ഇപ്പോൾ മനസില്ല" എന്ന ആ  മനോഭാവം തന്നെയാണ് പാർക്കിൽസൺസ് രോഗത്തെ ഒരു പരിധി വരെ തടുത്ത് നിർത്തിയത് എന്ന് തോന്നിയിട്ടുണ്ട്.


അവസാന കാലങ്ങളിൽ Bedridden ആയപ്പോൾ, തനിക്ക് മറ്റൊരാളുടെ  സഹായം ഇല്ലാതെ അനങ്ങാൻ പറ്റില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ മനസിലാക്കിയ RV മൂത്താപ്പ മാനസികമായി തകർന്നിട്ടുണ്ടാകണം. തങ്ങളുടെ എല്ലാം എല്ലാം  ആയ ഗൃഹനാഥനെ പരിചരിക്കാനും പരിപാലിക്കാനും കിട്ടിയ സുവർണ്ണാവസരം മൂത്താപ്വാടെ  കുടുംബം ആനന്ദത്തോടെ നിറവേറ്റിയിരുന്നെങ്കിലും താൻ പരാശ്രിതനായി പോയല്ലോ എന്ന ദുഃഖം ഞാൻ എപ്പോഴോക്കെയോ ആ മുഖത്ത് കണ്ടിട്ടുണ്ട്. കാരണം അത്രമേൽ Self respect-ഉം അന്തസ്സും ഉള്ള മൂത്താപ്പ  അതൊന്നും സ്വന്തം മക്കളുടെയോ ഇണയുടെയോ മുന്നിൽ പോലും അടിയറവ് വക്കേണ്ടി വരരുത് എന്ന് പ്രാർത്ഥിച്ചിട്ടുണ്ടാകാം. കഴിഞ്ഞ വർഷം പടച്ചവന്റെ വിളിക്ക് ഉത്തരമേകി അദ്ദേഹം ഞങ്ങളെ വിട്ട് പിരിഞ്ഞപോൾ, വേദനകളും യാതനകളും ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയപോൾ, നമുക്ക് നഷ്ടമായത് സ്നേഹനിധിയായ ഒരു ഭർത്താവും ഉപ്പയും നെല്ലുപ്പയും   വെല്ലിക്കയും മാത്രമായിരുന്നില്ല, മറിച്ച് അസാധ്യമായ മന:കരുത്തുള്ള, നേതൃപാടവമുള്ള ഒരു വ്യക്തിയെ കൂടിയായിരുന്നു. അതെ.. RV മൂത്താപ്പ മൺമറഞ്ഞിരിക്കുന്നു. എങ്കിലും ആർവിക്ക, ആർവി മൗലവി, ആർവി ഉസ്താദ് എന്നിങ്ങനെ പല രൂപങ്ങളിൽ അദ്ദേഹം നമ്മുടെ ഓർമ്മകളിൽ കുറെ ഏറെ നാളുകൾ കൂടെയുണ്ടാകും.


Hashim

Comments

  1. 👍👍👍👍Very well explained about my mentor.....جزاك الله خيرا كثيرا

    ReplyDelete
  2. Jazaakallah khair Hashi Monu...May Allah bless u always

    ReplyDelete
  3. Masha Allah Hashim.
    Well said! 👌
    May Allah forgive him and accept his good deeds. May Allah gather all of us in his Jannathul Firdous.

    ReplyDelete
  4. Mashallah..... jazakallah khair

    ReplyDelete

Post a Comment

Popular posts from this blog

ഒരു MITRAL STENOSIS അപാരത

Telepathy or the real ghost😱😱😱