ഒരു MITRAL STENOSIS അപാരത

 ❤️❤️ഒരു MITRAL STENOSIS അപാരത ❤️❤️

-------------------------------------------—-

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

മെഡിക്കൽ കോളേജിലെ ക്ലിനിക്കൽ പോസ്റ്റിംഗ്, പരീക്ഷകൾ ഇവയെ കുറിച്ച് ഓർക്കുമ്പോൾ എൻ്റെ മനസിലോട്ടൊടിയെത്തുന്ന ഒരു പേരാണ്

Mr: ഷിഹാബ്.....!! 

ആളുടെ രൂപമോ കോലമോ എനിക്ക് കാര്യമായി അത്ര ഓർമ്മ ഇല്ലെങ്കിലും ഇനി പറയണ കാര്യങ്ങൾ നല്ല വ്യക്തതയോടെ മനസിൽ ഉണ്ട്. 😃😃


ഷിഹാബ്...!!! 

അന്ന് കാലത്തെ മെഡിക്കൽ/സർജിക്കൽ അവസാനവർഷ യൂണിവേഴ്സിറ്റി പരീക്ഷകൾ തുടങ്ങുന്നതോടെ ആശുപത്രിയിൽ വന്നു ചേരുന്ന സ്ഥിരം മുഖങ്ങളിലൊരാൾ. ചെറുപ്പത്തിൽ റ്യൂമാറ്റിക് ഫീവർ (വാതപ്പനി) വന്ന് ഹൃദയവാൽവിന് അസുഖം ബാധിച്ച മൂപ്പർ വർഷങ്ങളായി ആലപ്പുഴ മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗത്തിൻ്റെ ചികിൽസയിലാണ് ഉള്ളത്. പക്ഷെ തൻ്റെ ഈ വാൽവ് തകരാറ് കൊണ്ട് തന്നെ യൂണിവേഴ്സിറ്റി പരീക്ഷകളിലെ മിന്നും താരം ആണ് ഇദ്ദേഹം. യൂണിവേഴ്സിറ്റി ഫൈനൽ പരീക്ഷയിൽ കുറഞ്ഞ ഒരു പരീക്ഷയിലും മൂപർ വന്ന് തല കാണിക്കാറില്ല താനും. ഏതാണ്ട് 40നോട് അടുപ്പിച്ച് പ്രായം ഉള്ള ഷിഹാബിൻ്റെ ഹൃദയത്തിൻ്റെ ഇടത് വശത്തെ Mitral valve എന്ന വാൽവാണ് ചെറുപ്രായത്തിൽ വന്ന റ്യൂമാറ്റിക് ഫീവർ കാരണം ഏതാണ്ട് മുഴുവനായും പണിമുടക്കിയിരുന്നത്. ഇടക്കൊരു ചെറിയ ശ്വാസം മുട്ട് അനുഭവപ്പെടും എന്നതൊഴിച്ചാൽ അയാൾക്ക് വേറെ അസ്വസ്ഥതകൾ ഒന്നുമില്ല എന്നുള്ളത് കൊണ്ട് ശസ്ത്രക്രിയക്ക്ക്കൊന്നും സമ്മതം മൂളാതെ മൂപ്പർ കറങ്ങി നടപ്പാണ്.


അങ്ങനെ ഞാനും എൻറെ നൻബർ സുഹൃത്തുക്കളും M-1 മെഡിസിൻ യൂണിറ്റിൽ സെക്കൻഡ് ഇയർ MBBS തുടങ്ങിയ കാലം. 

Mitral Stenosis (Mitral valve ചുരുങ്ങുന്ന അസുഖത്തെ ഇങ്ങനെ വിളിക്കും) അസുഖമുള്ളവരിൽ കേട്ടു വരുന്ന ഒരു " മർമ്മരം / murmur " കേൾക്കാനായി തേരാ പാരാ ഓടിയിരുന്ന കാലം. പോസ്റ്റിംഗ് തുടങ്ങി ഏതാണ്ട് ഒരു മാസം കഴിഞ്ഞിട്ടും ഈ പറഞ്ഞ മർമ്മരം കേൾക്കാനുള്ള യോഗം ഇല്ലാത്തതിന്റെ വിഷമം ഞാൻ എൻ്റെ ചങ്ങാതിമാരുമായി പങ്ക് വച്ച് നിൽക്കുമ്പോൾ ആണ് തൊട്ടടുത്ത് സീനിയർ ബാച്ചിലെ ചേച്ചിമാർ സ്വകാര്യം പറയുന്നത് കേട്ടത്.

"M - 4 യൂണിറ്റിൽ ഒരു പരീക്ഷ കേസ് കിടപ്പുണ്ട്. 

എ ക്ലാസിക് കേസ് ഓഫ് Mitral Stenosis ....Rheumatic heart disease."

കേട്ടപാടെ ഞാൻ സ്റ്റെതസ്കോപും തൂക്കി M- 4ലോട്ട് വച്ച് പിടിച്ചു. കൂടെ ബാക്കി ഉള്ള 4-5 സുഹൃത്തുക്കളും. എത്രയും വേഗം അത് കേൾക്കണമെന്ന ആഗ്രഹം മൂത്ത ഞങ്ങടെ ഒരു കൂട്ടുകാരി "അതിവേഗം ബഹുദൂരം" നടക്കുന്നത് കണ്ട് ഞങ്ങളും വേഗത്തിൽ നടന്നു.


M 4 യൂണിറ്റിൽ ചെന്നപ്പോൾ ഒരു പഴകിയ തുരുമ്പിച്ച കട്ടിലിൽ ഷർട്ടെല്ലാം ഊരി മസിലൊക്കെ കാണിച്ച് കുറച്ച് ഗൗരവത്തിൽ ഒരാൾ ഇരിക്കുന്നു.ഷിഹാബ്.!!😎

ഞങ്ങളെ പോലെ ഈ മർമ്മർ കേൾക്കാൻ വന്ന മെഡിക്കൽ വിദ്യാർത്ഥികൾ തിക്കും തിരക്കും കൂട്ടി അയാൾക്കു ചുറ്റും നിൽക്കുന്നതിൻ്റെ നീരസം ആ മുഖത്ത് പ്രകടമാണ്. അടുത്ത ദിവസം നടക്കാനിരിക്കുന്ന ഫൈനൽ ഇയർ യൂണിവേഴ്സിറ്റി പരീക്ഷക്ക് പരീക്ഷാർത്ഥികൾക്ക് വേണ്ടിയുള്ള "case" ആയി വീട്ടിൽ നിന്നും പ്രത്യേകം ക്ഷണിച്ച് വരുത്തിയ വ്യക്തിയാണ് ഇങ്ങേരെന്ന് അപ്പോൾ അറിഞ്ഞിരുന്നില്ല.


ആക്രാന്തം മൂത്ത എന്നെ പോലുള്ള മെഡിക്കൽ വിദ്യാർത്ഥികൾ ആളെ തിരിച്ചും മറിച്ചും പരിശാധിക്കുന്നതിൻ്റെ ക്ഷിണവും ബുദ്ധിമുട്ടും ഒക്കെ ഇടക്കിടെ മൂപ്പര് പരാതിയായി പറയുമ്പോൾ വിദ്യാർത്ഥികളിൽ ആരെങ്കിലും ഒക്കെ "പോക്കറ്റ് മണി" ആയി  " ഗാന്ധി "കൊടുക്കുന്നതു കാണാം.

അപ്പോൾ സ്റ്റെതസ്കോപ്പ് തെറ്റിച്ച് വച്ച് പരിരോധിക്കുന്ന വിദ്യാർത്ഥിയെ സ്നേഹത്തോടെ ശാസിച്ച് അവരുടെ സ്റ്റെതസ്കോപ്പ് എടുത്ത് കൃത്യമായി തൻ്റെ ഇടത് നെഞ്ചിൽ വച്ച് കൊടുത്ത് മർമ്മർ കേൾപ്പിച്ചു കൊടുക്കുന്ന ഷിഹാബിനെ കാണാം. 😃😃

ഇത്തരത്തിലുള്ള സ്ഥിരം patients ന് അവരുടെ രോഗത്തെ കുറിച്ച് പലപ്പോഴും മെഡിക്കൽ വിദ്യാർത്ഥികളേക്കാൾ വിവരവും അറിവും കാണും. മാത്രമല്ല വർഷങ്ങളായി പരീക്ഷാർത്ഥികളെയും പരീക്ഷകരെയും കാണുന്ന ഇവർ പരീക്ഷക്ക് ചോദിച്ചേക്കാവുന്ന ചോദ്യങ്ങൾ വരെ വിദ്യാർത്ഥികൾക്ക് കൃത്യമായി പറഞ്ഞും കൊടുക്കുകയും ചെയ്യും. ചിലപ്പോൾ എങ്കിലും പരീക്ഷയിലെ Examiner നേക്കാളും സൂക്ഷിക്കേണ്ടത് പരീക്ഷക്ക് വരുന്ന ഇത്തരം "സ്ഥിരം Patients"നെ ആണെന്നും പറഞ്ഞ് കേട്ടിട്ടുണ്ട്. ഒരു മെഡിക്കൽ വിദ്യാർത്ഥിയെ വേണമെന്ന് വച്ചാൽ ഇക്കൂട്ടർക്ക് ജയിപ്പിക്കാനും പരാജയപ്പെടുത്താനും ഒക്കെ പറ്റിയേക്കാം എന്ന് സാരം.


 "എന്ത് തന്നെ സംഭവിച്ചാലും ഇന്ന് മർമ്മരം കേട്ടിട്ടേ നമ്മൾ പോകുന്നുള്ളൂ" എൻ്റെ കൂടെ വന്ന  കൂട്ടുകാരിയോട് ഞാൻ സ്വകാര്യം പറഞ്ഞു. 

"ഇന്നത് കേൾക്കാതെ ഇനി വേറെ ജോലി ഇല്ല" എന്ന് നല്ല ഉറപോടെ അവരും തിരിച്ച് മൊഴിഞ്ഞു. 

വരി വരി ആയി മുന്നിലുള്ള വിദ്യാർത്ഥികൾ ഓരോരുത്തരും മർമ്മരം കേട്ട് ആനന്ദപുളകിതമായി നിൽക്കവേ കൃത്യം ഞങ്ങളുടെ ഊഴമെത്തിയപോൾ ഷിഹാബ് എന്ന ആ ചെറുപ്പക്കാരൻ തന്റെ ഷർട്ടെടുത്ത് അണിഞ്ഞ് കുറച്ച് കടുപ്പത്തിൽ പ്രഖ്യാപിച്ചു. "ഇന്ന് ഇനി എന്നെ പരിശോധിച്ചത് മതി.ഞാൻ ക്ഷീണിതനാണ്. ബാക്കി ഉള്ളവർക്ക് പിന്നെയാകാം." 


സങ്കടവും നിരാശയും പൂണ്ട ഞാൻ അയാളുടെ അടുത്ത് വളരെ സൗമ്യതയോടെ ആവശ്യപ്പെടാൻ തുടങ്ങി. "ചേട്ടാ ഞാൻ 2 മിനിറ്റേ എടുക്കുള്ളൂ, പരീക്ഷക്ക് മുമ്പ് ഒരിക്കൽ എങ്കിലും ഈ മർമ്മർ കേൾക്കണം എന്നുണ്ട്" എന്ന് തുടങ്ങി പലതും പറഞ്ഞെങ്കിലും ആൾ തീരെ വഴങ്ങിയില്ല. അവസാന ശ്രമമെന്നോണം "ചേട്ടാ, ഇത് ചേട്ടന് ചായ കുടിക്കാൻ ഇരിക്കട്ടെ" എന്ന് പറഞ്ഞ് എന്റെ പോക്കറ്റ് മണിയിൽ നിന്നും 50 രൂപ അയാൾടെ പോക്കറ്റിൽ വച്ച് കൊടുത്തപ്പോൾ കുറച്ച് ഒന്നാലോചിച്ചിട്ട് അയാൾ സമ്മതം മൂളി. അങ്ങനെ ഷിഹാബ് തന്റെ ഷർട്ട് ബട്ടൺ ഒരോന്നായി ഊരാൻ തുടങ്ങിയതും അത് വരെ    "കമാ"ന്നൊരക്ഷരം ഉരിയാടാതെ നിന്നിരുന്ന എൻ്റെ കൂട്ടുകാരി പൊടുന്നനെ തൻ്റെ സ്റ്റെതസ്കോപ്പ് ചെവിയിൽ വച്ച് , എൻ്റെ ഇടത് വശത്തൂടെ ഓവർടേക്ക് ചെയ്ത് ഞങ്ങൾ എല്ലാവരെയും അന്ധാളിപ്പിച്ച് കൊണ്ട് ഷിഹാബിന്റെ മുന്നിലോട്ട് ചാടി വീണു. 

ലേശം ചൊറി ടോണിൽ അവർ പറഞ്ഞു. " താൻ ഒന്നങ്ങ് ആ ഷർട്ടെല്ലാം മാറ്റി കട്ടിലിലോട്ട് കയറി ഇരുന്നേ... ഞാൻ ഒന്ന് പരിശോധിക്കട്ടെ. കാലത്ത് മുതൽ ഇത് കേൾക്കാനായി ക്യൂ നിക്കുവാ ഇവിടെ " പോരെ പൂരം...!! 🥵😳


തൻ്റെ മുമ്പിൽ വിനയപുരസരം നിൽക്കുന്ന വിദ്യാർത്ഥികൾടെ ഇടയിൽ നിന്ന് അപ്രതീക്ഷിതമായി ഇത് പോലൊരു ഡയലോഗ് മൂപ്പർ പ്രതീക്ഷിച്ചില്ല. ഇത് കേട്ടതും ഉറഞ്ഞ് തുളളാൻ തുടങ്ങിയ ഷിഹാബ് തന്റെ ഷർട്ടിൻ്റെ ബട്ടൺസെല്ലാം തിരികെ ഇട്ടു. കട്ട കലിപ്പിലായ അങ്ങേര് എൻ്റെ കൂട്ടുകാരിയുടെ അടുത്ത് അക്രോശിച്ചത് ഇന്നും ഓർമ്മയിലുണ്ട്.           "നിങ്ങളെന്താ സബർദസ്തി ആക്കേണ് , എനിക്ക് ഇപ്പൊ നിങ്ങടെ പരിശോധനക്ക് ഇരുന്ന് തരാൻ മനസില്ല" എന്നും പറഞ്ഞ് ഒച്ചയിട്ട് മൂപ്പര് കട്ടിലിൽ നിന്ന് ചാടിയിറങ്ങി ഞങ്ങടെ മുന്നിൽ നിന്നു. അന്നാണ് സബർദസ്ത്തി എന്ന ഹിന്ദി വാക്ക് ആദ്യമായി ഞാൻ കേൾക്കുന്നത് തന്നെ.....!!


എന്തായാലും മർമ്മർ കേൾക്കാൻ പറ്റാത്തതിന്റെ ദേഷ്യത്തേക്കാൾ ഒരു മെഡിക്കൽ വിദ്യാർത്ഥിയായ തന്നോട് ഒച്ച വച്ച ഷിഹാബിനോട്  "താൻ സമ്മതിച്ചില്ലേൽ എനിക്ക് കേൾക്കണ്ടെടോ" എന്ന് എൻ്റെ കൂട്ടുകാരി പറഞ്ഞതോടെ സത്യത്തിൽ മിഥുനത്തിലെ "ദാക്ഷായണി ബിസ്ക്കറ്റ്" ഫാക്ടറിക്ക് അനുമതി കിട്ടാൻ പെടാപാട് പെടുന്ന മോഹൻലാലിന്റെ അവസ്ഥയായി എന്റെത്. 

ആ ദേഷ്യത്തിൽ എൻ്റെ കാശ് ഷിഹാബ് പോക്കറ്റിലിട്ട് നടന്നകലുമ്പോൾ മർമ്മർ കേൾക്കാൻ പറ്റാത്തതിൻ്റെ നിരാശയും , ഊണ് കഴിക്കാൻ വച്ചിരുന്ന 50 രൂപ പോയതിൻ്റെയും നിസഹായാവസ്ഥയിൽ ഒന്ന് ഇരുന്നപ്പോൾ "ആഹാ ..... എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും" എന്ന കട്ട കലിപ്പ് നോട്ടമിട്ട് എൻ്റെ കൂട്ടുകാരിയും എതിർദിശയിൽ നടന്നകന്നു. 🙁


പക്ഷെ ഇതിൻ്റെ പര്യവസാനം മറ്റൊന്നായിരുന്നു. അന്ന് രാത്രി ആലപ്പുഴ സീതാസിൽ ഏതോ സൂപ്പർഹിറ്റ് സിനിമ റിലീസായിരുന്നു. അത് കാണാൻ പോയ ഞാൻ വൻ ജനത്തിരക്ക് മൂലം ടിക്കറ്റിനായി ഒരു ഓട്ടമൽസരം തന്നെ നടത്തേണ്ടി വന്നു.പക്ഷെ ഞാൻ ഞെട്ടിയത് എന്നേക്കാൾ വേഗത്തിൽ പരിചിതമായ ഒരു മുഖം പാഞ്ഞു പോണതു കണ്ടപ്പോൾ ആണ്....നോക്കുമ്പോൾ ദേ ഷിഹാബ്..... 😎

എന്നെ കണ്ടതും ഒളിക്കാനുള്ള ഒരു ശ്രമം നടത്തിയെങ്കിലും  പാളിപ്പോയി. “തനിക്ക് ഇങ്ങനെ ഓടിയാൽ ശ്വാസംമുട്ട് വരില്ലേ” എന്ന് ഞാൻ ചോദിക്കാൻ ആഞ്ഞതും ഞൊടിയിടയിൽ മൂപ്പരുടെ ഉത്തരം വന്നു."വാർഡിൽ കിടന്ന് ബോറടിച്ചപ്പോൾ സിനിമാ കാണാൻ വന്നതാ ഡോക്ടറേ...."  

"അതിന് ഞാൻ തന്നോടൊന്നും ചോദിച്ചില്ലല്ലോ" എന്ന് പറഞ്ഞതും ഷിഹാബ് എൻ്റെ കൈ സ്നേഹത്തോടെ പിടിച്ച് സ്വകാര്യത്തിൽ പറഞ്ഞു. 

" നാളെ രാവിലെ ഫൈനൽ ഇയർ പിള്ളേരുടെ പരീക്ഷയാണ്, 7 മണിക്ക് മുമ്പേ ഡോക്ടറ് M - 4 വാർഡിലോട്ട് വന്നാൽ മതി , ഞാനവിടെ ഉണ്ടാകും, വേണ്ടുവോളം എന്നെ പരിശോധിച്ചോളൂ"  എന്ന് പറഞ്ഞപ്പോൾ എനിക്ക് അയാളോട് വല്ലാതെ പാവം തോന്നി. 

തൻ്റെ മർമ്മർ കേൾക്കുന്നത് ഇനി മറ്റൊരിക്കൽ ആവട്ടെ എന്ന് പറഞ്ഞ് നിൽക്കേ അടുത്ത ക്ഷണത്തിൽ ടിക്കറ്റിനായുള്ള ആ ജനസാഗരത്തിലേക്ക് ഷിഹാബ് ഊളിയിട്ടിറങ്ങി കഴിഞ്ഞിരുന്നു.


ശുഭം....!

Comments

Popular posts from this blog

ഉപ്പാടെ വെല്ലിക്ക....എന്റെ മൂത്താപ്പ

Telepathy or the real ghost😱😱😱